Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Monday, November 28, 2011

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന ജീവിതത്തിന്റെ ഒരു ഭാഗമാണ്. മതമേതായാലും, വിശ്വാസം ഏതായാലും  ഈശ്വരസന്നിധിയില്‍ മാത്രം സ്വസ്തമാകുന്ന മനുഷ്യമനസ്സിന്റെ ആത്മസമര്‍പ്പണമാണു പ്രാര്‍ത്ഥന.

ആരും ഇല്ലെന്ന തോന്നലില്‍ ജീവിതം എത്തി നില്‍ക്കുമ്പോഴും ആശ്രയം തരുന്ന  ആ പരമപദത്തിലേയ്ക്കുള്ള യാത്രാമാധ്യമമാണു പ്രാര്‍ത്ഥന.
നിങ്ങള്‍ ആരുമാവട്ടെ എവിടെയുമാകട്ടെ, പ്രാര്‍ത്ഥനയും ഒപ്പമുണ്ടാവണം. കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുക. നിങ്ങളെക്കാള്‍ അവശത അനുഭവിക്കുന്നവര്‍ക്കു വേണ്ടി, ആലംബഹീനര്‍ക്കു വേണ്ടി, വേദനിക്കുന്നവര്‍ക്കുവേണ്ടി, കരയുന്നവര്‍ക്കുവേണ്ടി, പിറന്നു വീണപ്പോള്‍ മുതല്‍  വിശപ്പും അനാഥത്വവും അറിഞ്ഞു വളരുന്ന അനേകം കുഞ്ഞുങ്ങള്‍ക്കു വേണ്ടി...

ഇവിടെ  നിങ്ങള്‍ക്കു മുന്‍പില്‍  ഞാന്‍ സമര്‍പ്പിക്കുന്നത് ഒരു ദൃശ്യമാണ്. 
വിഷയം പ്രാര്‍ത്ഥന തന്നെ. ഞാന്‍ സ്ക്രിപ്റ്റ്  ചെയ്ത ഒരു രംഗം.  

ആയിരം  വാക്കുകളേക്കാള്‍ ഒരു ചെറിയ  ദൃശ്യം ശക്തമാണെന്ന് കേള്‍ക്കുന്നു. പക്ഷെ ഇതൊരു ശക്തി പരീക്ഷമല്ല... ശ്രമമാണ്.....                                          
courtesy to: 
 Binoy Chacko, Celestials 
(Executive Producer)
Manoj Kaladhar (Director) 
Shibu (Camera)
and
Justus Itty, Sameer (Actors)

Sunday, November 20, 2011

ഹേ സൂര്യ ..


ഹേ സൂര്യ .....കോടാനുകോടി വര്‍ഷങ്ങളായി  ഈ ഗ്രഹത്തില്‍ ജീവന്റെ  തുടിപ്പിനെ കാത്തുസൂക്ഷിക്കുന്ന അവിടുത്തേക്ക്‌ നമസ്ക്കാരം. അളന്നു തീര്‍ക്കാന്‍ കഴിയാത്ത ദൂരത്തു നിന്നും ഒഴുകിയെത്തുന്ന ആ സ്നേഹത്തിന്റെ ഊഷ്മളത....അതു കടലും കരയുമായി, പകലും  രാത്രിയുമായികാറ്റായി, വസന്തവും വര്‍ഷവും ശിശിരവും ഹേമന്തവുമായി, മഞ്ഞും  മഴയും വെയിലും  നിലാവും പിന്നെയീ കാണായ പ്രകൃതി മുഴുവനുമായി  ഞങ്ങളുടെ മേല്‍ പെയ്തിറങ്ങുന്നു. 


ഹേ സൂര്യ... ഉദയാസ്തമനങ്ങള്‍ അങ്ങയുടെ കര്‍മ്മമല്ലെന്നും അവിടുന്നു നിശ്ചലനെന്നും പിന്നെയെന്നോ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷെ മനോഹരമായ ആ സങ്കല്‍പ്പത്തിന്റെ ഭംഗി  ഒട്ടും നഷ്ടപ്പെടാതെ ഞങ്ങള്‍ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നു .. ഞങ്ങളുടെ ദിവസങ്ങളില്‍ ഇന്നും അങ്ങ്     ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നുഎല്ലാ പ്രഭാതങ്ങളിലും സന്ധ്യകളിലും, അങ്ങയെ സ്വീകരിക്കാനും യാത്ര അയക്കാനും നിലവിളക്കുകളും കത്തിച്ചു ഞങ്ങള്‍ കാത്തിരിക്കുന്നു..! 


ഹേ സൂര്യ....ഈ പ്രപഞ്ചം  മുഴുവന്‍  അങ്ങയുടെ അഗ്നിഹൃദയത്തിന്റെ ഔദാര്യമാകുന്നുവല്ലോ... അതുകൊണ്ടുതന്നെ അഗ്നിയായി, അഗ്നിയുടെ ഉറവിടമായി, അഗ്നിയുടെ പ്രതീകമായി  അവിടുന്ന് സദാ ജ്വലിച്ചു നില്‍ക്കുക.... 


ഹേ സൂര്യ...ഏഴു നിറങ്ങളാകുന്ന അശ്വങ്ങളെ പൂട്ടിയ തേരിലുള്ള ഈ യാത്ര അങ്ങ്‌ അനവരതം തുടര്‍ന്നാലും.... '' അസത്യത്തില്‍ നിന്ന് സത്യത്തിലേയ്ക്ക് , ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്,  അജ്ഞാനത്തിൽ നിന്നു ജ്ഞാനത്തിലേയ്ക്ക് ഞങ്ങളെ നയിച്ചാലും..''. 


Thursday, November 17, 2011

മകന്‍


ഒരിക്കല്‍ എനിക്ക് വളരെ പരിചയമുള്ള ഒരു വ്യക്തിയോടൊപ്പം കുറെ ദൂരം യാത്ര ചെയ്യാനിടയായി. ഒരു  സൗകര്യത്തിനു നമുക്കദ്ദേഹത്തെ  ഹരി എന്ന് വിളിക്കാം. 

നല്ല ജോലി. സുന്ദരിയും സത്ഗുണസമ്പന്നയുമായ ഭാര്യ.. അവര്‍ക്കും ജോലിയുണ്ട്.. പട്ടണത്തിന്റെ നടുക്ക് കുടുംബസ്വത്തായ സ്വന്തം വീട്. സഹോദരങ്ങളെല്ലാം നല്ല നിലയില്‍. കൂടെ അമ്മ. കനത്ത ബാങ്ക്  ബാലന്‍സ്.....
.
എന്നിട്ടും  ഹരി ദുഖിതനായിരുന്നു... വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി . പക്ഷെ കുട്ടികളില്ല. കുറവ് അയാള്‍ക്കു തന്നെ. 

പോകാത്ത ആരാധനാലയങ്ങളില്ല..  നേരാത്ത വഴിപാടുകളില്ല.  ഡോക്ടര്‍മാര്‍ക്ക് കൊടുത്ത പണത്തിനു കണക്കില്ല...ഒരു അവസാന ശ്രമമെന്ന നിലയില്‍ ബാംഗ്ലൂരില്‍ പോയി .. അവിടെ ടെസ്റ്റ്‌ ട്യൂബ് പ്രജനനം.  കൌണ്ട്  തീരെ കുറവ് . ഉള്ളവ തന്നെ ദുര്‍ബലം. ചെലവ് മൂന്നു ലക്ഷം രൂപയോളമായി.. പക്ഷെ അതും പരാജയപ്പെട്ടു. മൂന്നുവട്ടവും ഭാര്യയുടെ  ശരീരം അത്  സ്വീകരിച്ചില്ല.   

ഹരിനിങ്ങള്‍ക്കൊരു കുഞ്ഞിനെ ദത്തെടുത്തു കൂടെ? ഞാന്‍ ചോദിച്ചു.. ആ  കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തില്‍ വെളിച്ചം  വരും...സന്തോഷവും സംതൃപ്തിയും വരും.. പ്രതീക്ഷകള്‍ വരും... അത് സ്വന്തം കുഞ്ഞു തന്നെ ആവണമെന്നു എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്‌? 

അല്‍പ്പനേരം അയാള്‍ നിശബ്ദനായിരുന്നു, പിന്നെ പറഞ്ഞു '' ഞങ്ങള്‍ക്ക്  രണ്ടുപേര്‍ക്കും അതിഷ്ടമായിരുന്നു.  ഒരിക്കല്‍ ഒരു കുഞ്ഞിനെ പോയി കണ്ടതുമാണ് . നല്ല ഓമനത്തമുള്ള കുട്ടി.. അവന്റെ നോട്ടം  ഇപ്പോഴും എന്റെ മനസ്സിലുണ്ട്... ഏതോ മുജ്ജന്മ ബന്ധം ഉള്ളത് പോലെ.... ഗീത കൈ  നീട്ടിയപ്പോള്‍ ചാടി വന്നു... ഇപ്പോഴും അവന്റെ കാര്യം പറയുമ്പോള്‍ അവളുടെ കണ്ണ് നിറയും..''

പിന്നെ എന്തേ അവനെ സ്വന്തമാക്കിയില്ല?  ഞാന്‍ ചോദിച്ചു..

'' അമ്മ സമ്മതിച്ചില്ല.   അനുജനും അനുജത്തിയും അതിലും ശക്തമായി എതിര്‍ത്തു.. 'ദൈവം തരുന്നില്ലെങ്കില്‍ പിന്നെ വേണ്ട' ..  അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.... ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു.....എല്ലാവരേയും  പിക്കിക്കൊണ്ടൊരു തീരുമാനം,  അതിനെനിക്കു  കഴിഞ്ഞില്ല...''. 
എനിക്കാ  മനുഷ്യനോടു സഹതാപം തോന്നി. അനുജനെത്ര കുട്ടികളുണ്ട്? ഞാന്‍ ചോദിച്ചു. 
''മൂന്ന് '' 
അനുജത്തിക്കോ
''രണ്ട് ''
അവരിലൊരാള്‍ക്ക്  ഒരു  കുട്ടിയെ താങ്കള്‍ക്ക്  സ്വന്തമായി തന്നു കൂടെ?
''ഇല്ല..അവര്‍ തരില്ല...''
ചോദിച്ചിരുന്നോ?
'ഉവ്വ് 'എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി..ആ മനസ്സില്‍ ഉണങ്ങാതെ അവശേഷിക്കുന്ന മുറിവ് ഞാന്‍ കണ്ടു..കൂടുതലെന്തറിയാനാണ് ?  ഒരു മുഖക്കണ്ണാടിയിലെന്ന  പോലെ വ്യക്തമാണ് കാര്യങ്ങള്‍. 


സഹോദരങ്ങളുടെ കാര്യം പോട്ടെ, സ്വന്തം അമ്മയ്ക്ക് പോലും ഈ മകനോടൊപ്പം നില്ക്കാന്‍ കഴിഞ്ഞില്ലല്ലോ..! തന്റെ കാലശേഷം  അവനുമൊരു വാര്‍ദ്ധക്യമുണ്ടെന്നും അവിടെ ആ കുട്ടി ഒരു സാന്ത്വനമായിരുന്നേനേ എന്നും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെ പോയതെന്തേ? ഒരു വാക്കു കൊണ്ട് പോലും അവന്റെ മനസ്സില്‍ പോറലേൽപ്പിക്കാതെ ജീവിക്കുന്ന, ഒരുപക്ഷെ തന്റെ മകളേക്കാള്‍ സ്നേഹത്തോടെ തന്നെ സംരക്ഷിക്കുന്ന ഗീതയുടെ ദുഃഖം അവര്‍ കാണാതെ പോയതെന്തേ? എന്ത് സ്വാര്‍ത്ഥതയാണു പ്രായത്തിന്റെ എഴുപതുകളില്‍ ജീവിക്കുന്ന അവരെ നിയന്ത്രിക്കുന്നത്‌? 

മക്കളില്ലാത്ത ദുഖത്തെ അതിജീവിച്ചു സന്തോഷത്തോടെ കഴിയുന്ന ദമ്പതികളെ എനിക്കറിയാം. പക്ഷെ ഹരിക്ക് അതിനാകുമായിരുന്നില്ല.  ഇപ്പോള്‍ത്തന്നെ വല്ലാത്തൊരു ഡിപ്രഷൻ അയാളെ കീഴടക്കിയിട്ടുണ്ടെന്നു വ്യ ക്തമായിരുന്നു.   ഏതാനും വര്‍ഷങ്ങള്‍ കൂടികഴിഞ്ഞാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്ന പ്രായപരിധിയ്ക്കപ്പുറത്തേയ്ക്കയാൾ കടക്കും. പിന്നെ എന്താകും? ഈ ഡിപ്രഷൻ ഭാവിയില്‍ അയാളെ എവിടെക്കൊണ്ടെത്തിക്കും? 


അറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പായിരുന്നു, ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും തനിക്കു സ്വന്തമാക്കാന്‍ കഴിയാതെ പോയ ആ മകനെ ഓര്‍ത്ത് അയാളുടെ മനസ്സു കരയും.....

Tuesday, November 15, 2011

പ്രഭാതങ്ങള്‍

നമ്മളില്‍ പലരും പ്രഭാതങ്ങള്‍ കാണാറില്ല. രാവേറെ ചെല്ലുന്നതു വരെ ഉറങ്ങാതിരിക്കാനും പിന്നെ വെയിലുറയ്ക്കുന്നതുവരെ കിടന്നുറങ്ങാനും   ഇഷ്ടപ്പെടുന്നവരാണേറെയും...അല്ലേ? 


ഞാനും അങ്ങനെ തന്നെയായിരുന്നു. പിന്നീടു താമസിച്ചു കിടന്നാലും അല്പം നേരത്തെ എഴുന്നേറ്റു തുടങ്ങി. എന്നിട്ടും പ്രഭാതം എന്നില്‍ നിന്ന് ഏതാണ്ട്  ഒരൊന്നൊന്നര ണിക്കൂർ ഇപ്പോഴും മുന്നിലാണ്.  

പക്ഷെ വളരെ ചുരുക്കം ചില പ്രഭാതങ്ങള്‍ എന്നെയും  ഒപ്പം വിളിച്ചുണർത്താറുണ്ട് . (അത് മിക്കവാറും എന്റെ ഏതെങ്കിലും  ആവശ്യങ്ങൾക്കു  വേണ്ടിത്തന്നെയായിരിക്കും താനും...!) കിളികളുടെ പാട്ടും, സൂര്യന്റെ ആദ്യകിരണങ്ങളും, നേരിയ തണുപ്പുമുള്ള ആ പ്രഭാതങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്പ്രത്യേകിച്ച് ഡിസംബറിലെ പ്രഭാതങ്ങള്‍. ഒരു ചൂട്  ചായയ്ക്ക്   ശേഷം നടക്കാന്‍ പോകണം. ഈ പട്ടണത്തിന്റെ മാറിലൂടെ രാവിലെ നടക്കുമ്പോള്‍ എന്തെല്ലാമാണ്  കാണാന്‍ കഴിയുക..! അതും മറ്റൊരനുഭവമല്ലേ?


കവിതകളില്‍ കാണുന്ന പുല്‍നാമ്പുകളിലെ മഞ്ഞുതുള്ളികളും, വിടര്‍ന്നുവരുന്ന പൂമൊട്ടുകളും, അവയുടെ സുഗന്ധം പേറിവരുന്ന ഇളംകാറ്റും മാത്രമല്ല ഈ നിമിഷങ്ങള്‍ തങ്ങളുടെ ചിമിഴുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.  പിന്നെയോ പ്രപഞ്ചമൊന്നാകെ ഒത്തുചേര്‍ന്നൊരുക്കുന്ന  അപൂര്‍വാനുഭൂതികളാണ്. 

നഷ്ടപ്പെട്ടു പോയ ആ പഴയ പ്രഭാതങ്ങളെ ഓര്‍ത്തു ഞാന്‍  പലപ്പോഴും വിഷമിക്കാറുണ്ട്.  എന്നാല്‍ വീണ്ടും അടുത്ത ദിവസവും  ഒരു സാധാരണ മടിയനെപ്പോലെ  കണ്ണുതുറക്കാതെ അലാറം നിശബ്ദമാക്കും. 
ഒരു  രഹസ്യം പറയട്ടെ...? എല്ലാ  പ്രഭാതങ്ങളിലും കൃത്യമായി ഉണര്‍ന്നു നടക്കാന്‍  പോകുന്നവരോട്  എനിക്കസൂയയാണ് ....സത്യം.. !! 

Friday, November 11, 2011

കാഴ്ച

വര്‍ഷങ്ങള്‍ക്കു മുന്‍പ്, കേരളത്തിലെ ഒരു റയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കിട്ടാന്‍ കാത്തുകിടന്ന ഒരു തീവണ്ടിയിലിരിക്കുമ്പോള്‍ ഞാന്‍ കണ്ട ഒരു കാഴ്ചയുണ്ട് . പ്ലാറ്റ്ഫോമില്‍ ഇരിക്കുന്ന ഒരാൺകുട്ടി. ഏറിയാല്‍ രണ്ടോ മൂന്നോ വയസ്സു  കാണും. അവന്റെ  മുന്നിലിരിക്കുന്ന നിറം മങ്ങിയ പഴയ കിണ്ണത്തില്‍ കഷ്ടിച്ചൊരു തവി ചോഠുണ്ടാകും .. അതില്‍ നിന്ന് ഓരോ വറ്റു വീതം എടുത്ത് അവന്‍ തിന്നുകൊണ്ടിരിക്കുന്നു.. പതുക്കെപ്പതുക്കെ...സൂക്ഷിച്ചു സൂക്ഷിച്ച് ... ഒരു വറ്റു പോലും വഴുതി  താഴെ പോകാതെ..!  


തീവണ്ടിയോ,  പ്ലാറ്റ്ഫോമിലെ  മറ്റു ചലനങ്ങളോ ഒന്നും ആ കുഞ്ഞു കാണുന്നുണ്ടായിരുന്നില്ല...കാത്തു കാത്തിരുന്നു കിട്ടിയതാകും...നല്ല വിശപ്പുമുണ്ടാകും..ഒരു 'തൊടുറി'യുമില്ലാതെ, ഒരു പക്ഷെ ഉപ്പു  പോലും ചേര്‍ക്കാത്ത ആ ചോറ്  അമൃത് പോലെയാണ്  അവന്‍ കഴിച്ചുകൊണ്ടിരുന്നത്‌.   


കയറാനുള്ളവര്‍ കയറിയും, ഇറങ്ങിയവര്‍ പോയും കഴിഞ്ഞപ്പോള്‍  പ്ലാറ്റ്ഫോം ഏതാണ്ട് വിജനമായി..തിരിച്ചറിവാകാത്ത ഒരു കുഞ്ഞിനെ അങ്ങനെ ഒറ്റയ്ക്കിരുത്തിയിട്ട്  അവന്റെ അമ്മ എവിടെ പോയി എന്ന്  എന്റെ കണ്ണുകള്‍ പരതിക്കൊണ്ടിരുന്നു ഏതെങ്കിലും ഒരു കമ്പാര്‍ട്ട് മെന്റില്‍  അവള്‍ ഇപ്പോള്‍ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുകയാവും എന്ന്  ഞാന്‍ സങ്കല്‍പ്പിച്ചു. 


ഇതിനിടയില്‍ ഒരു കാക്ക അടുത്തുള്ള മരത്തില്‍ നിന്ന് പറന്നു വന്ന് അവന്റെയടുത്തുള്ള കോണ്‍ക്രീറ്റ് വേലിയില്‍ രുന്നു. അവസരം കിട്ടിയാല്‍ ആ  ചോറിന്റെ ഒരു വീതം  കൊത്തിക്കൊണ്ടു പറക്കാനുള്ള രു പ്ലാന്‍ അതിനുണ്ടെന്ന് എനിക്ക് തോന്നി.....'മോനേ കാക്ക'  എന്നുറക്കെ വിളിച്ചു കൂവാന്‍  എന്റെ നാവു തരിച്ചു .... ഒരു നിമിഷം... .ഒരുള്‍വിളി കേട്ടപോലെ അവന്‍ പെട്ടെന്ന് തലയുയര്‍ത്തി കാക്കയെ നോക്കി... പിന്നെ കിണ്ണം തന്റെ കാലുകക്കിടയിലേയ്ക്ക്  അടുപ്പിച്ചു വെച്ചു .. 


പ്രതീക്ഷിച്ചതു  പോലെ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ എന്റെ മുന്നില്‍ ഒരു  സ്ത്രീ രൂപം വന്നു കൈ നീട്ടി. അതവള്‍ തന്നെ..! എനിക്കുറപ്പായിരുന്നു...അവന്റെ അമ്മ...അവളുടെ കണ്ണുകള്‍ ജനാലയിലൂടെ ആ കുഞ്ഞിനെ തേടിചെല്ലുന്നത് എനിയ്ക്കു കാണാമായിരുന്നു .. വേവലാതിയോടെ... വല്ലാത്തൊരു  ദൈന്യതയുണ്ടായിരുന്നൂ ആ മുഖത്ത് ...
ഗാര്‍ഡ് പച്ചക്കൊടി വീശിയിട്ടുണ്ടാകണം. വാതില്‍ക്കല്‍ സിഗരറ്റ് വലിച്ചുകൊണ്ട് നിന്നിരുന്നവര്‍ ചാടി കമ്പാര്‍ട്ട്മെന്റില്‍ കയറി. ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി..
എന്നെ കടന്നു പോയ അവള്‍   പിറകിലത്തെ വാതിലില്‍ കൂടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയിട്ടുണ്ടാകും എന്ന് ഞാന്‍ ഊഹിച്ചു.. 
എങ്കിലും ഒരു ഉറപ്പിനു വേണ്ടി ജനാലയുടെ അഴികള്‍ക്കിടയിലൂടെ പുറത്തു പിന്നിലേയ്ക്കൂ ഞാന്‍ കണ്ണെത്തിച്ചു  നോക്കി...


അതെ...അവിടെ, അവനെ തന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട്  അവള്‍ ഇരിപ്പുണ്ട്‌ ... 

Sunday, November 6, 2011

ജീവിതംഈ ജീവിതം എന്താണ് നമ്മെ പഠിപ്പിക്കുന്നത്‌ ? ചില നിമിഷങ്ങളില്‍ നമ്മള്‍ മിടുക്കന്മാരെന്നു സ്വയം കരുതുന്നു.... പിന്നെ ചിലപ്പോള്‍ നമ്മള്‍ സ്വയമറിയാതെ മണ്ടന്മാരാകുന്നു. നമ്മളില്ലെങ്ങില്‍ ഒന്നും നടക്കില്ല എന്ന് പലപ്പോഴും ആശങ്കപ്പെടുന്നു...പക്ഷെ നമ്മളില്ലെങ്കിലും ലോകം ഇതുപോലെ തന്നെ മുന്നോട്ടുതന്നെ പോകും എന്ന് ചരിത്രം പിന്നില്‍ നിന്ന് പറഞ്ഞുതരുമ്പോള്‍ എന്തിനെന്നറിയാതെ ഒരു വേദന മനസ്സില്‍ നിറയുന്നു..നമ്മളില്ലാത്ത ഒരു ലോകം.... ! അതെങ്ങനെ ഇരിയ്ക്കും? ...ഹോ.. ഓര്‍ക്കാന്‍ വയ്യ...അല്ലേ?

ഇതൊരു സത്രമാണ്... കടന്നുവന്നു തിരിച്ചു പോകുന്നതുവരെ താമസിക്കാന്‍ ഒരു ഇടത്താവളം. ... എവിടെ നിന്ന് വന്നു എവിടേയ്ക്ക് പോകുന്നു എന്നറിയാതെ, വീണു കിട്ടിയ ഒരു മനുഷ്യ ജന്മം ജീവിച്ചുതീര്‍ക്കാന്‍ ഈശ്വരന്‍ തന്ന ഈ ഇടത്താവളത്തില്‍ നിന്നുകൊണ്ട് 'എല്ലാം എന്റേത് ' എന്നഹങ്കരിക്കുന്നു നമ്മള്‍..!!

ഒടുവില്‍ കോടികള്‍ക്ക് കടലാസിന്റെ വില പോലുമില്ലാത്ത ഒരു നിമിഷത്തില്‍ എല്ലാ മരുന്നുകളെയും യന്ത്രങ്ങളേയും കബളിപ്പിച്ചുകൊണ്ട് മനസില്ലാമനസ്സോടെ തിരിച്ചുപോകുന്നു.....

എന്താണ് ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നത്‌ ....?
ഉത്തരം വളരെ നിസ്സാരമാണ് അല്ലേ....
പക്ഷെ പറയാമോ?


Blogger Wordpress Gadgets