Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Wednesday, December 28, 2011

എന്റെ ഗ്രാമം

ഒരു ഗ്രാമം എന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ട് .. ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം... പൊള്ളുന്ന ഒരു  ഗൃഹാതുരത്വം ഓര്‍മ്മകളില്‍ ഉണര്‍ത്തിക്കൊണ്ട് എന്റെ ചിന്തകളില്‍  ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒരു ഗ്രാമം....
ഞാന്‍ ആ ഗ്രാമത്തെ അത്രയേറെ സ്നേഹിക്കുന്നുണ്ട് . 
എന്റെ ബാല്യകൗമാരയൗവ്വനങ്ങളില്‍ അദൃശ്യയായി ഒപ്പം നടന്നവള്‍, സ്കൂളിലേയ്ക്ക് പോകുമ്പോള്‍ ഒറ്റയ്ക്ക് നടക്കാന്‍ പേടി തോന്നുന്ന  ഇടവഴികളില്‍ കാറ്റത്തിളകിയാടുന്ന മരച്ചില്ലകളിലൂടെയും  കിളികളുടെ സംഗീതത്തിലൂടെയും  തന്റെ  സ്നേഹസന്നിധ്യമിയിച്ചിരുന്നവ,  പിന്നെ എന്റെ കൗമാരസ്വപ്നങ്ങള്‍ രഹസ്യമായി സൂക്ഷിച്ചവള്‍...., ഒടുവില്‍ മോഹഭംഗങ്ങള്‍ക്കൊപ്പം വിതുമ്പിക്കരഞ്ഞവള്‍   
ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണു  ഞാനവളെ  ഉപേക്ഷിച്ചു പോന്നത്? അല്ല.... എനിക്കവള്‍ നഷ്ടപ്പെട്ടത് ? 
എന്റെ കളിക്കൂട്ടുകാർ, ബാല്യകാല സുഹൃത്തുക്കള്‍, സ്കൂള്‍ അധ്യാപകർ,  എങ്ങോട്ടുനോക്കിയാലും എന്നെ തിരിച്ചറിയുകയും  ചിരിച്ചു കുശലം പറയുകയും ചെയ്യുന്ന എന്റെ നാട്ടുകാർ, ബന്ധുക്കള്‍ ആ മണ്ണിൽ ലയിച്ചു ചേർന്ന അനേകം പ്രിയപ്പെട്ടവ

അമ്മയുടെ കൈ പിടിച്ചു തൊഴാന്‍ പോകുമായിരുന്ന ദേവീക്ഷേത്രം..ആണ്ടിലൊരിക്കല്‍ നാടിന്റെ ആ ഘോഷമായി  മാറുന്ന അവിടുത്തെ ഉത്സവം..നേരം വെളുക്കുന്നതുവരെ ഉറക്കമിളച്ചു കാണുന്ന കഥകളി ...!
നോക്കെത്താദൂരം വരെ പരന്നു കിടക്കുന്ന പാടങ്ങളും, തോടുകളിലൂടെ തുഴഞ്ഞു പോകുന്ന വള്ളങ്ങളും  കണ്ടുകൊണ്ടു കാറ്റുകൊള്ളാന്‍ പോയിരിക്കുന്ന വരമ്പുകള്‍,  ആര്‍ത്തുചാടി മദിച്ചു കുളിക്കുകയും നീന്തല്‍  പഠിക്കുകയും ചെയ്ത കുളങ്ങള്‍
തുമ്പപ്പൂക്കള്‍,  തിരുവാതിരകള്‍ , വിഷുക്കണികൾ..ക്രിസ്തുമസ് കരോളുകൾ,
സര്‍പ്പക്കാവിനു ചുറ്റുമുള്ള തൊടിയില്‍ ചിതറിക്കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ ...


എന്റെ വീട്...!  ഉമ്മറത്ത്‌ അമ്മ കത്തിച്ചു വെയ്ക്കുന്ന നിലവിളക്ക്... നാമജപം...മറക്കാനാവാത്ത അമ്മയുടെ കീര്‍ത്തനങ്ങൾ , വിളക്കിലെ അഗ്നിനാളം  തേടി വരുന്ന ഈയാംപാറ്റകൾ... കാലുകഴുകി വരുന്ന അച്ഛന്റെ  മെതിയടി ശബ്ദം ...അകലെ നിന്നിരമ്പിയെത്തുന്ന മഴത്തുള്ളികളുടെ കിലുക്കം.......!  
ചേട്ടനും ചേട്ടത്തിയും.....അവരുടെ കുട്ടികളുടെ കുസൃതികള്‍ പാട്ടുകള്‍ ... ആദ്യാക്ഷരങ്ങള്‍ പഠിക്കുന്ന കോലാഹലങ്ങള്‍ വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹിത്യവും സംഗീതവും...ഇടയ്ക്കിടെ വിരുന്നു വരുന്ന അച്ഛന്റെ പ്രശസ്തരായ സുഹൃത്തുക്കളുടെ സാന്നിധ്യം...

അടുത്തവീട്ടിലെ അപ്പൂപ്പന്റെ  നിറഞ്ഞ പൊട്ടിച്ചിരികള്‍ ..അമ്മൂമ്മയുടെ  വാത്സല്യം...അടുക്കളയില്‍ അയലത്തെ പെണ്ണുങ്ങളുടെ അടക്കംപറച്ചിലുകള്‍ .. പരദൂഷണം....   

അച്ഛന്റെ ഒപ്പം നടന്നു പഠിച്ച പാഠങ്ങൾ.. വായനശാലയില്‍ നിന്ന്  വായിച്ചുതീര്‍ത്ത  പുസ്തകങ്ങളുടെ നീണ്ട നിര... 

പ്രണയത്തിന്റെ  ആദ്യപാഠങ്ങൾ പറഞ്ഞുതന്ന തിളങ്ങുന്ന വിടര്‍ന്ന മിഴികള്‍ ..  ഒന്നു കാണാന്‍ കാത്തുനിന്ന സന്ധ്യകൾ....ഒരു പുഞ്ചിരിയിലൊതുക്കുന്ന  സ്നേഹം...
ഒടുവില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ച കവിതകള്‍ ..
അതെല്ലാമിന്നെവിടെ? എവിടെ ?
വെറുമൊരു വിഢിയേപ്പോലെ, ഈ നഗരത്തിന്റെ തിക്കുകള്‍ക്കും തിരക്കുകള്‍ക്കും പ്രലോഭനങ്ങൾക്കുമിടയില്‍ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കാൻ മറന്നുപോയ ആ പഴയകാലം...

പക്ഷെ അപ്പോഴും എന്റെ ഉറക്കത്തിനുള്ളില്‍ ഒരു   പ്രഭാതസ്വപ്നമായി വന്നു നീ എന്നെ മടക്കിവിളിച്ചിരുന്നുവല്ലോ.....  ''എന്നെ മറന്നു അല്ലെ? '' എന്ന് പരിഭവം പറഞ്ഞിരുന്നുവല്ലോ?

ഞാനെന്തേ അത് കേട്ടില്ല...? കാലത്തിന്റെ ഒഴുക്കിനിടയില്‍ കളഞ്ഞുപോകുന്നത്  ഒരു ജന്മത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളുടെ ഓര്‍മ്മച്ചെപ്പുകളാണെന്നു തിരിച്ചറിഞ്ഞില്ല? അവിടേയ്ക്ക് ഒരു മടക്കയാത്ര ജീവിതത്തിന്റെ അനിര്‍വര്യതയായിരുന്നുവെന്നു  മനസിലാക്കിയില്ല? അറിയില്ല...ഉള്ളില്‍ വെളിച്ചം തിരിച്ചെത്തിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നല്ലോ..!!

കാലം പോകെപ്പോകെ എത്ര മാറിപ്പോയി എന്റെ  പാവം ഗ്രാമം..!! നഗരത്തിന്റെ വേരുകള്‍ പടര്‍ന്നിറങ്ങി വികൃതമായ മുഖം..പഴയ ശാലീനതയില്ല....സൌരഭ്യമില്ല.... കിളിക്കൊഞ്ചലുകളില്ല, സ്നേഹസാന്നിധ്യമില്ല...

വല്ലപ്പോഴും ഒരിക്കൽ , ഒന്നു കാണാന്‍ ചെന്നിറങ്ങുന്ന എന്നെ അവള്‍ തിരിച്ചറിയുന്നുപോലുമില്ല...!!

എങ്കിലും......... അതവളുടെ കുറ്റമല്ലല്ലോ...

2 comments:

Blogger Wordpress Gadgets