Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Thursday, November 17, 2011

മകന്‍


ഒരിക്കല്‍ എനിക്ക് വളരെ പരിചയമുള്ള ഒരു വ്യക്തിയോടൊപ്പം കുറെ ദൂരം യാത്ര ചെയ്യാനിടയായി. ഒരു  സൗകര്യത്തിനു നമുക്കദ്ദേഹത്തെ  ഹരി എന്ന് വിളിക്കാം. 

നല്ല ജോലി. സുന്ദരിയും സത്ഗുണസമ്പന്നയുമായ ഭാര്യ.. അവര്‍ക്കും ജോലിയുണ്ട്.. പട്ടണത്തിന്റെ നടുക്ക് കുടുംബസ്വത്തായ സ്വന്തം വീട്. സഹോദരങ്ങളെല്ലാം നല്ല നിലയില്‍. കൂടെ അമ്മ. കനത്ത ബാങ്ക്  ബാലന്‍സ്.....
.
എന്നിട്ടും  ഹരി ദുഖിതനായിരുന്നു... വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായി . പക്ഷെ കുട്ടികളില്ല. കുറവ് അയാള്‍ക്കു തന്നെ. 

പോകാത്ത ആരാധനാലയങ്ങളില്ല..  നേരാത്ത വഴിപാടുകളില്ല.  ഡോക്ടര്‍മാര്‍ക്ക് കൊടുത്ത പണത്തിനു കണക്കില്ല...ഒരു അവസാന ശ്രമമെന്ന നിലയില്‍ ബാംഗ്ലൂരില്‍ പോയി .. അവിടെ ടെസ്റ്റ്‌ ട്യൂബ് പ്രജനനം.  കൌണ്ട്  തീരെ കുറവ് . ഉള്ളവ തന്നെ ദുര്‍ബലം. ചെലവ് മൂന്നു ലക്ഷം രൂപയോളമായി.. പക്ഷെ അതും പരാജയപ്പെട്ടു. മൂന്നുവട്ടവും ഭാര്യയുടെ  ശരീരം അത്  സ്വീകരിച്ചില്ല.   

ഹരിനിങ്ങള്‍ക്കൊരു കുഞ്ഞിനെ ദത്തെടുത്തു കൂടെ? ഞാന്‍ ചോദിച്ചു.. ആ  കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തില്‍ വെളിച്ചം  വരും...സന്തോഷവും സംതൃപ്തിയും വരും.. പ്രതീക്ഷകള്‍ വരും... അത് സ്വന്തം കുഞ്ഞു തന്നെ ആവണമെന്നു എന്തിനാണിങ്ങനെ വാശി പിടിക്കുന്നത്‌? 

അല്‍പ്പനേരം അയാള്‍ നിശബ്ദനായിരുന്നു, പിന്നെ പറഞ്ഞു '' ഞങ്ങള്‍ക്ക്  രണ്ടുപേര്‍ക്കും അതിഷ്ടമായിരുന്നു.  ഒരിക്കല്‍ ഒരു കുഞ്ഞിനെ പോയി കണ്ടതുമാണ് . നല്ല ഓമനത്തമുള്ള കുട്ടി.. അവന്റെ നോട്ടം  ഇപ്പോഴും എന്റെ മനസ്സിലുണ്ട്... ഏതോ മുജ്ജന്മ ബന്ധം ഉള്ളത് പോലെ.... ഗീത കൈ  നീട്ടിയപ്പോള്‍ ചാടി വന്നു... ഇപ്പോഴും അവന്റെ കാര്യം പറയുമ്പോള്‍ അവളുടെ കണ്ണ് നിറയും..''

പിന്നെ എന്തേ അവനെ സ്വന്തമാക്കിയില്ല?  ഞാന്‍ ചോദിച്ചു..

'' അമ്മ സമ്മതിച്ചില്ല.   അനുജനും അനുജത്തിയും അതിലും ശക്തമായി എതിര്‍ത്തു.. 'ദൈവം തരുന്നില്ലെങ്കില്‍ പിന്നെ വേണ്ട' ..  അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.... ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു.....എല്ലാവരേയും  പിക്കിക്കൊണ്ടൊരു തീരുമാനം,  അതിനെനിക്കു  കഴിഞ്ഞില്ല...''. 
എനിക്കാ  മനുഷ്യനോടു സഹതാപം തോന്നി. അനുജനെത്ര കുട്ടികളുണ്ട്? ഞാന്‍ ചോദിച്ചു. 
''മൂന്ന് '' 
അനുജത്തിക്കോ
''രണ്ട് ''
അവരിലൊരാള്‍ക്ക്  ഒരു  കുട്ടിയെ താങ്കള്‍ക്ക്  സ്വന്തമായി തന്നു കൂടെ?
''ഇല്ല..അവര്‍ തരില്ല...''
ചോദിച്ചിരുന്നോ?
'ഉവ്വ് 'എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി..ആ മനസ്സില്‍ ഉണങ്ങാതെ അവശേഷിക്കുന്ന മുറിവ് ഞാന്‍ കണ്ടു..കൂടുതലെന്തറിയാനാണ് ?  ഒരു മുഖക്കണ്ണാടിയിലെന്ന  പോലെ വ്യക്തമാണ് കാര്യങ്ങള്‍. 


സഹോദരങ്ങളുടെ കാര്യം പോട്ടെ, സ്വന്തം അമ്മയ്ക്ക് പോലും ഈ മകനോടൊപ്പം നില്ക്കാന്‍ കഴിഞ്ഞില്ലല്ലോ..! തന്റെ കാലശേഷം  അവനുമൊരു വാര്‍ദ്ധക്യമുണ്ടെന്നും അവിടെ ആ കുട്ടി ഒരു സാന്ത്വനമായിരുന്നേനേ എന്നും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയാതെ പോയതെന്തേ? ഒരു വാക്കു കൊണ്ട് പോലും അവന്റെ മനസ്സില്‍ പോറലേൽപ്പിക്കാതെ ജീവിക്കുന്ന, ഒരുപക്ഷെ തന്റെ മകളേക്കാള്‍ സ്നേഹത്തോടെ തന്നെ സംരക്ഷിക്കുന്ന ഗീതയുടെ ദുഃഖം അവര്‍ കാണാതെ പോയതെന്തേ? എന്ത് സ്വാര്‍ത്ഥതയാണു പ്രായത്തിന്റെ എഴുപതുകളില്‍ ജീവിക്കുന്ന അവരെ നിയന്ത്രിക്കുന്നത്‌? 

മക്കളില്ലാത്ത ദുഖത്തെ അതിജീവിച്ചു സന്തോഷത്തോടെ കഴിയുന്ന ദമ്പതികളെ എനിക്കറിയാം. പക്ഷെ ഹരിക്ക് അതിനാകുമായിരുന്നില്ല.  ഇപ്പോള്‍ത്തന്നെ വല്ലാത്തൊരു ഡിപ്രഷൻ അയാളെ കീഴടക്കിയിട്ടുണ്ടെന്നു വ്യ ക്തമായിരുന്നു.   ഏതാനും വര്‍ഷങ്ങള്‍ കൂടികഴിഞ്ഞാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്ന പ്രായപരിധിയ്ക്കപ്പുറത്തേയ്ക്കയാൾ കടക്കും. പിന്നെ എന്താകും? ഈ ഡിപ്രഷൻ ഭാവിയില്‍ അയാളെ എവിടെക്കൊണ്ടെത്തിക്കും? 


അറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പായിരുന്നു, ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും തനിക്കു സ്വന്തമാക്കാന്‍ കഴിയാതെ പോയ ആ മകനെ ഓര്‍ത്ത് അയാളുടെ മനസ്സു കരയും.....

1 comments:

  1. വളരെ നന്നായിട്ടുണ്ട്‌...നമ്മുടെ സമൂഹത്തിന്റെ ഇനിയും മാറിയിട്ടില്ലാത്ത ഇടുങ്ങിയ മാനസികാവസ്ഥ ആണിത്...മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു!!!

    ReplyDelete

Blogger Wordpress Gadgets