Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Thursday, December 29, 2011

പുതുവര്‍ഷം

പുതിയ വര്‍ഷം വന്നു. 
' 2012'  
2011 പോയി...പാവം !!   
പോകാതിരിക്കാന്‍  വയ്യല്ലോ. എത്ര പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാലും  അനന്തമായ കാലത്തിന്റെ ഒഴുക്കില്‍പ്പെട്ടു പിന്നിലോട്ടു പോയി മറയാന്‍ ഓരോ വര്‍ഷവും വിധിക്കപ്പെട്ടിരിക്കുന്നു. അവിടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു സ്ഥാനമില്ല. 
പുതിയ വര്‍ഷത്തെ എല്ലാവരും   ആഹ്ളാദത്തോടെ  വരവേല്‍ക്കുന്നു. പുതിയ സ്വപ്‌നങ്ങ , പ്രതീക്ഷക, സംരംഭങ്ങ , ബന്ധങ്ങൾ,  അങ്ങനെയങ്ങനെ പുതുവര്‍ഷം ഒപ്പം  കൊണ്ടുവരുന്നതെല്ലാം നന്മകളായിരിക്കുമെന്ന  ശുഭചിന്തകളിലാണ്  നമ്മൾ.  അതങ്ങനെ തന്നെയായിരിക്കട്ടെ. ഒരു കുന്നോളം പ്രതീക്ഷിച്ചാലേ ഒരു കുന്നിക്കുരുവോളമെങ്കിലും കിട്ടുകയുള്ളൂ. 
തുടക്കത്തില്‍ പാവം എന്നു പറഞ്ഞെങ്കിലും എനിക്ക്   2011-നോട്‌ അത്ര ഇഷ്ടമൊന്നുമില്ല. അവന്‍ എന്നെ ഒത്തിരി മാന്തുകയും നുള്ളുകയും ഇടക്കു പലപ്പോഴും കടിക്കുകയും  ചെയ്തിട്ടുണ്ട് . ഒരവസരത്തില്‍ എല്ലാ അതിരുകളും ലംഘിച്ചു ദ്രോഹിക്കാന്‍ വരെ ശ്രമിച്ചെന്നതും സത്യമാണ്.  അദൃശ്യനായ ഒരു ശത്രുവെപ്പോലെ അവനെന്റെ പിന്നാലെ നടന്നു. അവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും അസുഖങ്ങള്‍ പിടികൂടുമ്പോഴും പിന്നില്‍ നിന്ന് അവന്‍ പരിഹസിച്ചു ചിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു  ഒരു വിധത്തില്‍  പറഞ്ഞാല്‍ അതൊരു ചൂതാട്ടം തന്നെയായിരുന്നു. തോല്‍ക്കാതെ ഇക്കരെ കടന്നതു ഭാഗ്യം. 
2012 അങ്ങനെയൊന്നുമല്ലെന്ന്  അവളുടെ ചിരി ദൂരെ നിന്ന് കണ്ടാലേ അറിയാം.( 2012 ഒരു പെണ്‍കുട്ടിയാണെന്നാണ്  എന്റെ വിശ്വാസം.) അല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഒരു പരിധിക്കപ്പുറം ക്രൂരത കാ ട്ടാനാവില്ല.. നിങ്ങള്‍ എന്ത് പറയുന്നു?


ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.   ശ്വര്യസമ്പന്നമായ ഒരു പുതുവര്‍ഷം നമുക്കായി കടന്നു വരുന്നു...അതിന്റെ  എല്ലാ ആഹ്ലാദവും നിങ്ങള്‍ക്കൊപ്പം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സദയം സ്വീകരിച്ചാലും. എന്റെ ഹൃദയം നിറഞ്ഞ  'പുതുവത്സരാശംസക'  

Wednesday, December 28, 2011

എന്റെ ഗ്രാമം

ഒരു ഗ്രാമം എന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ട് .. ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമം... പൊള്ളുന്ന ഒരു  ഗൃഹാതുരത്വം ഓര്‍മ്മകളില്‍ ഉണര്‍ത്തിക്കൊണ്ട് എന്റെ ചിന്തകളില്‍  ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന ഒരു ഗ്രാമം....
ഞാന്‍ ആ ഗ്രാമത്തെ അത്രയേറെ സ്നേഹിക്കുന്നുണ്ട് . 
എന്റെ ബാല്യകൗമാരയൗവ്വനങ്ങളില്‍ അദൃശ്യയായി ഒപ്പം നടന്നവള്‍, സ്കൂളിലേയ്ക്ക് പോകുമ്പോള്‍ ഒറ്റയ്ക്ക് നടക്കാന്‍ പേടി തോന്നുന്ന  ഇടവഴികളില്‍ കാറ്റത്തിളകിയാടുന്ന മരച്ചില്ലകളിലൂടെയും  കിളികളുടെ സംഗീതത്തിലൂടെയും  തന്റെ  സ്നേഹസന്നിധ്യമിയിച്ചിരുന്നവ,  പിന്നെ എന്റെ കൗമാരസ്വപ്നങ്ങള്‍ രഹസ്യമായി സൂക്ഷിച്ചവള്‍...., ഒടുവില്‍ മോഹഭംഗങ്ങള്‍ക്കൊപ്പം വിതുമ്പിക്കരഞ്ഞവള്‍   
ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണു  ഞാനവളെ  ഉപേക്ഷിച്ചു പോന്നത്? അല്ല.... എനിക്കവള്‍ നഷ്ടപ്പെട്ടത് ? 
എന്റെ കളിക്കൂട്ടുകാർ, ബാല്യകാല സുഹൃത്തുക്കള്‍, സ്കൂള്‍ അധ്യാപകർ,  എങ്ങോട്ടുനോക്കിയാലും എന്നെ തിരിച്ചറിയുകയും  ചിരിച്ചു കുശലം പറയുകയും ചെയ്യുന്ന എന്റെ നാട്ടുകാർ, ബന്ധുക്കള്‍ ആ മണ്ണിൽ ലയിച്ചു ചേർന്ന അനേകം പ്രിയപ്പെട്ടവ

അമ്മയുടെ കൈ പിടിച്ചു തൊഴാന്‍ പോകുമായിരുന്ന ദേവീക്ഷേത്രം..ആണ്ടിലൊരിക്കല്‍ നാടിന്റെ ആ ഘോഷമായി  മാറുന്ന അവിടുത്തെ ഉത്സവം..നേരം വെളുക്കുന്നതുവരെ ഉറക്കമിളച്ചു കാണുന്ന കഥകളി ...!
നോക്കെത്താദൂരം വരെ പരന്നു കിടക്കുന്ന പാടങ്ങളും, തോടുകളിലൂടെ തുഴഞ്ഞു പോകുന്ന വള്ളങ്ങളും  കണ്ടുകൊണ്ടു കാറ്റുകൊള്ളാന്‍ പോയിരിക്കുന്ന വരമ്പുകള്‍,  ആര്‍ത്തുചാടി മദിച്ചു കുളിക്കുകയും നീന്തല്‍  പഠിക്കുകയും ചെയ്ത കുളങ്ങള്‍
തുമ്പപ്പൂക്കള്‍,  തിരുവാതിരകള്‍ , വിഷുക്കണികൾ..ക്രിസ്തുമസ് കരോളുകൾ,
സര്‍പ്പക്കാവിനു ചുറ്റുമുള്ള തൊടിയില്‍ ചിതറിക്കിടക്കുന്ന ഇലഞ്ഞിപ്പൂക്കള്‍ ...


എന്റെ വീട്...!  ഉമ്മറത്ത്‌ അമ്മ കത്തിച്ചു വെയ്ക്കുന്ന നിലവിളക്ക്... നാമജപം...മറക്കാനാവാത്ത അമ്മയുടെ കീര്‍ത്തനങ്ങൾ , വിളക്കിലെ അഗ്നിനാളം  തേടി വരുന്ന ഈയാംപാറ്റകൾ... കാലുകഴുകി വരുന്ന അച്ഛന്റെ  മെതിയടി ശബ്ദം ...അകലെ നിന്നിരമ്പിയെത്തുന്ന മഴത്തുള്ളികളുടെ കിലുക്കം.......!  
ചേട്ടനും ചേട്ടത്തിയും.....അവരുടെ കുട്ടികളുടെ കുസൃതികള്‍ പാട്ടുകള്‍ ... ആദ്യാക്ഷരങ്ങള്‍ പഠിക്കുന്ന കോലാഹലങ്ങള്‍ വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹിത്യവും സംഗീതവും...ഇടയ്ക്കിടെ വിരുന്നു വരുന്ന അച്ഛന്റെ പ്രശസ്തരായ സുഹൃത്തുക്കളുടെ സാന്നിധ്യം...

അടുത്തവീട്ടിലെ അപ്പൂപ്പന്റെ  നിറഞ്ഞ പൊട്ടിച്ചിരികള്‍ ..അമ്മൂമ്മയുടെ  വാത്സല്യം...അടുക്കളയില്‍ അയലത്തെ പെണ്ണുങ്ങളുടെ അടക്കംപറച്ചിലുകള്‍ .. പരദൂഷണം....   

അച്ഛന്റെ ഒപ്പം നടന്നു പഠിച്ച പാഠങ്ങൾ.. വായനശാലയില്‍ നിന്ന്  വായിച്ചുതീര്‍ത്ത  പുസ്തകങ്ങളുടെ നീണ്ട നിര... 

പ്രണയത്തിന്റെ  ആദ്യപാഠങ്ങൾ പറഞ്ഞുതന്ന തിളങ്ങുന്ന വിടര്‍ന്ന മിഴികള്‍ ..  ഒന്നു കാണാന്‍ കാത്തുനിന്ന സന്ധ്യകൾ....ഒരു പുഞ്ചിരിയിലൊതുക്കുന്ന  സ്നേഹം...
ഒടുവില്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ച കവിതകള്‍ ..
അതെല്ലാമിന്നെവിടെ? എവിടെ ?
വെറുമൊരു വിഢിയേപ്പോലെ, ഈ നഗരത്തിന്റെ തിക്കുകള്‍ക്കും തിരക്കുകള്‍ക്കും പ്രലോഭനങ്ങൾക്കുമിടയില്‍ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കാൻ മറന്നുപോയ ആ പഴയകാലം...

പക്ഷെ അപ്പോഴും എന്റെ ഉറക്കത്തിനുള്ളില്‍ ഒരു   പ്രഭാതസ്വപ്നമായി വന്നു നീ എന്നെ മടക്കിവിളിച്ചിരുന്നുവല്ലോ.....  ''എന്നെ മറന്നു അല്ലെ? '' എന്ന് പരിഭവം പറഞ്ഞിരുന്നുവല്ലോ?

ഞാനെന്തേ അത് കേട്ടില്ല...? കാലത്തിന്റെ ഒഴുക്കിനിടയില്‍ കളഞ്ഞുപോകുന്നത്  ഒരു ജന്മത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളുടെ ഓര്‍മ്മച്ചെപ്പുകളാണെന്നു തിരിച്ചറിഞ്ഞില്ല? അവിടേയ്ക്ക് ഒരു മടക്കയാത്ര ജീവിതത്തിന്റെ അനിര്‍വര്യതയായിരുന്നുവെന്നു  മനസിലാക്കിയില്ല? അറിയില്ല...ഉള്ളില്‍ വെളിച്ചം തിരിച്ചെത്തിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നല്ലോ..!!

കാലം പോകെപ്പോകെ എത്ര മാറിപ്പോയി എന്റെ  പാവം ഗ്രാമം..!! നഗരത്തിന്റെ വേരുകള്‍ പടര്‍ന്നിറങ്ങി വികൃതമായ മുഖം..പഴയ ശാലീനതയില്ല....സൌരഭ്യമില്ല.... കിളിക്കൊഞ്ചലുകളില്ല, സ്നേഹസാന്നിധ്യമില്ല...

വല്ലപ്പോഴും ഒരിക്കൽ , ഒന്നു കാണാന്‍ ചെന്നിറങ്ങുന്ന എന്നെ അവള്‍ തിരിച്ചറിയുന്നുപോലുമില്ല...!!

എങ്കിലും......... അതവളുടെ കുറ്റമല്ലല്ലോ...

Saturday, December 17, 2011

ക്രിസ്തുമസ്


വീണ്ടും ഒരു ക്രിസ്തുമസ് .....സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അനന്തവും അനുപമവുമായ ആ സ്നേഹത്തെക്കുറിച്ചോര്‍ക്കാനും   പറയാനും സ്തുതിക്കാനും ഒരു ദിവസം കൂടി...

പക്ഷെ, നമ്മള്‍ സങ്കല്‍പ്പിക്കുന്ന പോലെ  വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഒരു  ദിവസം മാത്രമാണോ ക്രിസ്തുമസ്
അല്ല...! 
ഈ ലോകത്തില്‍  വിടെയെങ്കിലുമൊക്കെ എല്ലാ ദിവസങ്ങളും ക്രിസ്തുമസ്  ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്  സത്യംകരുണയും സ്നേഹവും ത്യാഗവും  വാത്സല്യവു മൊക്കെ കൈമാറപ്പെടുന്ന  ദിവസങ്ങള്‍ ....!

നന്മയോടൊപ്പം നല്ല മനസ്സുകളില്‍ ക്രിസ്തു ജനിക്കുന്നു. അന്യരുടെ  വേദനയേയും  ദാരിദ്ര്യത്തെയും സഹാനുഭൂതിയോടെ കാണുകയും അവരെ തന്നാലാവും വിധം സഹായിക്കുകയും ചെയ്യുന്നവരുടെ   എല്ലാ ദിവസങ്ങളും ക്രിസ്തുമസ്  ആയി മാറുന്നത്  അങ്ങനെയാണ്  . 
                                                                                 എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ജീവിതവും അതുപോലെ നന്മയും സന്തോഷവും അനുഗ്രഹവും നിറഞ്ഞ അനേകം ക്രിസ്തുമസ് ദിനങ്ങള്‍ കൊണ്ട് സമ്പന്നമാകട്ടെ എന്നാശംസിക്കുന്നു.
    

Wednesday, December 14, 2011

സ്നേഹംപൂക്കള്‍ എനിക്കിഷ്ടമാണ് ....!! അല്ലെങ്കില്‍ പൂക്കളെ  ഇഷ്ടപ്പെടാത്തവര്‍ ആരാണ്... അല്ലെ? ശരിയാണ്... പക്ഷ പൂക്കളെ സ്നേഹിക്കുന്നവര്‍ ചുരുക്കമാണ്. പൂക്കളെ ഇഷ്ടപ്പെടുന്നവരും പൂക്കളെ സ്നേഹിക്കുന്നവരും തമ്മില്‍ ഒത്തിരി വത്യാസമുണ്ട് . 

എന്താണ് ഇവിടെ ഇഷ്ടവും സ്നേഹവും തമ്മിലുള്ള വത്യാസം ? 


ഷ്ടപ്പെടുന്നവര്‍ക്ക്  പൂക്കള്‍ ഇറുത്തെടുക്കാം. പൂപ്പാത്രങ്ങളില്‍ വെയ്ക്കാം.. മുടിയില്‍ ചൂടാം... അതിന്റെ സുഗന്ധവും ഭംഗിയും ആസ്വദിക്കാം...ഒടുവില്‍ വലിച്ചെറിയാം. ...


പക്ഷെ  സ്നേഹം പൂക്കളെ ഇറുത്തെടുക്കുന്നില്ല...മുടിയില്‍ ചൂടുകയോ പൂപ്പാത്രങ്ങളില്‍ വെയ്ക്കുകയോ ചെയ്യുന്നില്ല...സ്നേഹം പൂക്കളോടൊപ്പം വിരിഞ്ഞു നില്‍ക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നു. ....

ഒരു ചെടി നട്ടപ്പോള്‍ തുടങ്ങിയ ബന്ധം... വാടാതെ, വെയിലേറ്റു തളരാതെ, വെള്ളവും തണലും കൊടുത്തു വളര്‍ത്തിയ ചെടി.. ഓരോ ഇലയും തളിരിടുമ്പോള്‍, കുമിളകള്‍ പോലെ മനസ്സില്‍ നുരയിടുന്ന സന്തോഷം... ഒടുവിലൊരു ദിവസം, നാണിച്ചു നാണിച്ചു പതുക്കെയൊരു  മൊട്ടു മുഖം കാട്ടി..! അമ്മേ...! അന്നോരുത്സവമായിരുന്നു .... പിന്നെയതു വിരിഞ്ഞു കാണാനുള്ള കാത്തിരിപ്പ്.  ഓരോ ഇതളും മിഴി തുറക്കുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി. അങ്ങനെ അങ്ങനെ ഒരു സുപ്രഭാതത്തില്‍ അവളൊരു പൂവായി  മാറി ....ഹോ  എന്തൊരു ഭംഗി ...! 
'ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഇത്രനാളെങ്ങു  നീ പോയി പൂവേ.' കേട്ടിട്ടില്ലേ ഈ  കവിത? മഹാകവി  ജീ ഈ കവിത എന്റെ പൂവിനെക്കുറിച്ചെഴുതിയതാണെന്ന് പോലും അക്കാലത്തു ഞാന്‍ കരുതിയിരുന്നു..
അവളുടെ ഇതളുകളില്‍ ഒന്ന് തൊടാന്‍ പോലും ഞാന്‍ മടിച്ചു..വേദനിച്ചാലോ.. എന്റെ  നഖങ്ങള്‍ കൊണ്ട്  പോറലേറ്റാലോ?  
ശലഭങ്ങള്‍ വന്നും പോയും ഇരുന്നു.  തേനീച്ചകള്‍ അവള്‍ക്കു ചുറ്റും പറന്നു നടന്നു... പൂമ്പൊടി കൊണ്ട് കാലു കഴുകി, തേനൂട്ടി അവരെ അവള്‍ സല്ക്കരിച്ചയച്ചു


ഉമ്മറപ്പടിയിലിരുന്നു ഞാന്‍ അവളെ കണ്ടുകൊണ്ടിരുന്നു. എന്റെ സുന്ദരിപ്പൂവ് .!  എത്ര കണ്ടിട്ടും മതിവരുന്നില്ല !! മടിച്ചു മടിച്ചാണ്  ഞാനന്നു സ്കൂളില്‍ പോയത്. എന്റെ അഭാവത്തില്‍ അവള്‍ക്കെന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ഞാന്‍ ശരിക്കും പേടിച്ചിരുന്നു..
അതുകൊണ്ടു തന്നെ സ്കൂള്‍ വിട്ടുവന്ന് നേരെ വളുടെ അടുത്തേക്കാണോടിയത്.  ''ഞാന്‍ ഇവിടെത്തന്നെയുണ്ട് '' എന്ന് പറയുന്നത് പോലെ അവള്‍ കാറ്റത്തു മെല്ലെ ഇളകിക്കൊണ്ട്  എന്നെ നോക്കി.  പക്ഷെ ആ ഇതളുകള്‍ വല്ലാതെ തളന്നിരിക്കുന്നതായി എനിക്ക് തോന്നി. ശരിയാണ് ... അവള്‍  വാടിത്തുടങ്ങിയിരിക്കുന്നു...നിറം മങ്ങിയത് പോലെ... രാവിലെ കണ്ട ആ പ്രസരിപ്പെവിടെ ? ഇപ്പോള്‍ അവളുടെയടുത്തു ശലഭങ്ങളില്ല...തേനീച്ചകളുമില്ല. എന്റെ പൂവിനെ തനിച്ചാക്കിയിട്ട്  അവരൊക്കെ എവിടെപ്പോയി?  

സന്ധ്യയാകുന്തോറും അവള്‍ കൂടുതല്‍ അവശയായിക്കൊണ്ടിരുന്നു. നിവര്‍ന്നു നില്‍ക്കാന്‍ ശക്തിയില്ലാതെ ആ മുഖം താഴോട്ടു കുനിഞ്ഞു.   ഒടുവില്‍ പ്രതീക്ഷിക്കാത്ത ഒരു നിമിഷം പിടി വിട്ടിട്ടെന്ന പോലെ കൊഴിഞ്ഞു താഴെ മണ്ണിലേയ്ക്കു വീണു...
ഞാന്‍  മെല്ലെ അവളെ കയ്യിലെടുത്തു.  അവസാനത്തെ നിശ്വാസം പോലെ ആ ഇതളുകള്‍  എന്റെ മടിയിലേയ്ക്ക് അടര്‍ന്നു ചിതറി......
എനിക്ക് വല്ലാതെ സങ്കടം വന്നു,  
കാരണം ഞാന്‍ അന്നു വെറുമൊരു കുട്ടിയായിരുന്നല്ലോ...!  
വളരുന്തോറും ഇഷ്ടവും സ്നേഹവും പരസ്പരം ഇടകലര്‍ന്ന്  തിരിച്ചറിയാനാവാത്ത ഒരു പ്രതലത്തിലെത്തി നില്‍ക്കുന്ന കാലം എല്ലാവരുടെ ജീവിതത്തിലും വരും. അപ്പോള്‍ പിന്നെ ഇതുപോലുള്ള കൊച്ചുകൊച്ചു നഷ്ടങ്ങള്‍ ആരെയും വേദനിപ്പിക്കാതെയാകും, സ്പര്‍ശിക്കാതെയുമാകും   
എങ്കിലും.... 
സ്നേഹത്തിന്റെ നനുത്ത സ്പര്‍ശങ്ങള്‍ തിരിച്ചറിയാനുള്ള മനസ്സിന്റെ കഴിവുകള്‍ നഷ്ടപ്പെടാതെ  സൂക്ഷിക്കാന്‍ നമ്മള്‍ക്കൊന്നു ശ്രമിച്ചു കൂടെ?   


Saturday, December 10, 2011

ദാസേട്ടൻ
സ്വന്തം നാടിനോടും ഭാഷയൊടും  സംസ്കാരത്തോടും സ്നേഹമില്ലാത്ത ലോകത്തിലെ ഒരേ ഒരു ജനതയാണു മലയാളി എന്നു കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ പറഞ്ഞു കേട്ടു. . തങ്ങളുടെ മക്കൾക്കു മലയാളം എഴുതാനും വായിക്കാനും സംസാരിയ്കാനും അറിയില്ലന്നു ചില മാതാപിതാക്കൾ അഭിമാനത്തോടെ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട് . ''ഇവർ  (മലയാളികൾ) ഇവിടെ നിന്നു പോയാലേ കേരളം നന്നാവൂ'' എന്ന് അന്യ ദേശക്കാരും പറഞ്ഞു തുടങ്ങിയിട്ടുണ്ട് . ആ നിലയിലേയ്ക്കു നമ്മൾ മലയാളികൾ പുരോഗമിച്ചിരിക്കുന്നു .. ..!

ഒന്നോർത്താൽ ശരിയല്ലേ?. 'കേരളം വളരുന്നു' എന്ന പഴയ സങ്കൽപ്പം ഇന്നില്ല. ' കേരളം തളരു'കയാണ്.  എല്ലാ അർത്ഥത്തിലും.... ! 

ഇവിടെ  സ്വന്തം എന്നു അഭിമാനപൂർവം പറയാൻ  നമുക്ക് എന്തുണ്ട്?  ഒരു ദാസേട്ടൻ അല്ലാതെ? അവിടെയും നൂറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഗന്ധർവജന്മത്തെ - തലമുറകളുടെ സംഗീതസ്വപ്നങ്ങള്‍ക്കും പ്രണയ സങ്കൽപ്പങ്ങൾക്കും  നിറംപകര്‍ന്ന 
ആ ശബ്ദസൗകുമാര്യത്തെ -  
അർഹിക്കുന്നതു പോലെ ആദരിയ്ക്കാൻ നമുക്കു കഴിയാതെ പോകുന്നത്  എന്തു കൊണ്ടാണ്? 

അല്ലെങ്കിൽത്തന്നെ  ഇവിടെ   ആര് ആരെയാണ്  ബഹുമാനിക്കുന്നത്....അല്ലേ? 
Blogger Wordpress Gadgets