Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Wednesday, December 14, 2011

സ്നേഹം



പൂക്കള്‍ എനിക്കിഷ്ടമാണ് ....!! അല്ലെങ്കില്‍ പൂക്കളെ  ഇഷ്ടപ്പെടാത്തവര്‍ ആരാണ്... അല്ലെ? ശരിയാണ്... പക്ഷ പൂക്കളെ സ്നേഹിക്കുന്നവര്‍ ചുരുക്കമാണ്. പൂക്കളെ ഇഷ്ടപ്പെടുന്നവരും പൂക്കളെ സ്നേഹിക്കുന്നവരും തമ്മില്‍ ഒത്തിരി വത്യാസമുണ്ട് . 

എന്താണ് ഇവിടെ ഇഷ്ടവും സ്നേഹവും തമ്മിലുള്ള വത്യാസം ? 


ഷ്ടപ്പെടുന്നവര്‍ക്ക്  പൂക്കള്‍ ഇറുത്തെടുക്കാം. പൂപ്പാത്രങ്ങളില്‍ വെയ്ക്കാം.. മുടിയില്‍ ചൂടാം... അതിന്റെ സുഗന്ധവും ഭംഗിയും ആസ്വദിക്കാം...ഒടുവില്‍ വലിച്ചെറിയാം. ...


പക്ഷെ  സ്നേഹം പൂക്കളെ ഇറുത്തെടുക്കുന്നില്ല...മുടിയില്‍ ചൂടുകയോ പൂപ്പാത്രങ്ങളില്‍ വെയ്ക്കുകയോ ചെയ്യുന്നില്ല...സ്നേഹം പൂക്കളോടൊപ്പം വിരിഞ്ഞു നില്‍ക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നു. ....

ഒരു ചെടി നട്ടപ്പോള്‍ തുടങ്ങിയ ബന്ധം... വാടാതെ, വെയിലേറ്റു തളരാതെ, വെള്ളവും തണലും കൊടുത്തു വളര്‍ത്തിയ ചെടി.. ഓരോ ഇലയും തളിരിടുമ്പോള്‍, കുമിളകള്‍ പോലെ മനസ്സില്‍ നുരയിടുന്ന സന്തോഷം... ഒടുവിലൊരു ദിവസം, നാണിച്ചു നാണിച്ചു പതുക്കെയൊരു  മൊട്ടു മുഖം കാട്ടി..! അമ്മേ...! അന്നോരുത്സവമായിരുന്നു .... പിന്നെയതു വിരിഞ്ഞു കാണാനുള്ള കാത്തിരിപ്പ്.  ഓരോ ഇതളും മിഴി തുറക്കുമ്പോള്‍ സ്വര്‍ഗം കിട്ടിയ പ്രതീതി. അങ്ങനെ അങ്ങനെ ഒരു സുപ്രഭാതത്തില്‍ അവളൊരു പൂവായി  മാറി ....ഹോ  എന്തൊരു ഭംഗി ...! 
'ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഇത്രനാളെങ്ങു  നീ പോയി പൂവേ.' കേട്ടിട്ടില്ലേ ഈ  കവിത? മഹാകവി  ജീ ഈ കവിത എന്റെ പൂവിനെക്കുറിച്ചെഴുതിയതാണെന്ന് പോലും അക്കാലത്തു ഞാന്‍ കരുതിയിരുന്നു..
അവളുടെ ഇതളുകളില്‍ ഒന്ന് തൊടാന്‍ പോലും ഞാന്‍ മടിച്ചു..വേദനിച്ചാലോ.. എന്റെ  നഖങ്ങള്‍ കൊണ്ട്  പോറലേറ്റാലോ?  
ശലഭങ്ങള്‍ വന്നും പോയും ഇരുന്നു.  തേനീച്ചകള്‍ അവള്‍ക്കു ചുറ്റും പറന്നു നടന്നു... പൂമ്പൊടി കൊണ്ട് കാലു കഴുകി, തേനൂട്ടി അവരെ അവള്‍ സല്ക്കരിച്ചയച്ചു


ഉമ്മറപ്പടിയിലിരുന്നു ഞാന്‍ അവളെ കണ്ടുകൊണ്ടിരുന്നു. എന്റെ സുന്ദരിപ്പൂവ് .!  എത്ര കണ്ടിട്ടും മതിവരുന്നില്ല !! മടിച്ചു മടിച്ചാണ്  ഞാനന്നു സ്കൂളില്‍ പോയത്. എന്റെ അഭാവത്തില്‍ അവള്‍ക്കെന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ഞാന്‍ ശരിക്കും പേടിച്ചിരുന്നു..
അതുകൊണ്ടു തന്നെ സ്കൂള്‍ വിട്ടുവന്ന് നേരെ വളുടെ അടുത്തേക്കാണോടിയത്.  ''ഞാന്‍ ഇവിടെത്തന്നെയുണ്ട് '' എന്ന് പറയുന്നത് പോലെ അവള്‍ കാറ്റത്തു മെല്ലെ ഇളകിക്കൊണ്ട്  എന്നെ നോക്കി.  പക്ഷെ ആ ഇതളുകള്‍ വല്ലാതെ തളന്നിരിക്കുന്നതായി എനിക്ക് തോന്നി. ശരിയാണ് ... അവള്‍  വാടിത്തുടങ്ങിയിരിക്കുന്നു...നിറം മങ്ങിയത് പോലെ... രാവിലെ കണ്ട ആ പ്രസരിപ്പെവിടെ ? ഇപ്പോള്‍ അവളുടെയടുത്തു ശലഭങ്ങളില്ല...തേനീച്ചകളുമില്ല. എന്റെ പൂവിനെ തനിച്ചാക്കിയിട്ട്  അവരൊക്കെ എവിടെപ്പോയി?  

സന്ധ്യയാകുന്തോറും അവള്‍ കൂടുതല്‍ അവശയായിക്കൊണ്ടിരുന്നു. നിവര്‍ന്നു നില്‍ക്കാന്‍ ശക്തിയില്ലാതെ ആ മുഖം താഴോട്ടു കുനിഞ്ഞു.   ഒടുവില്‍ പ്രതീക്ഷിക്കാത്ത ഒരു നിമിഷം പിടി വിട്ടിട്ടെന്ന പോലെ കൊഴിഞ്ഞു താഴെ മണ്ണിലേയ്ക്കു വീണു...
ഞാന്‍  മെല്ലെ അവളെ കയ്യിലെടുത്തു.  അവസാനത്തെ നിശ്വാസം പോലെ ആ ഇതളുകള്‍  എന്റെ മടിയിലേയ്ക്ക് അടര്‍ന്നു ചിതറി......
എനിക്ക് വല്ലാതെ സങ്കടം വന്നു,  
കാരണം ഞാന്‍ അന്നു വെറുമൊരു കുട്ടിയായിരുന്നല്ലോ...!  
വളരുന്തോറും ഇഷ്ടവും സ്നേഹവും പരസ്പരം ഇടകലര്‍ന്ന്  തിരിച്ചറിയാനാവാത്ത ഒരു പ്രതലത്തിലെത്തി നില്‍ക്കുന്ന കാലം എല്ലാവരുടെ ജീവിതത്തിലും വരും. അപ്പോള്‍ പിന്നെ ഇതുപോലുള്ള കൊച്ചുകൊച്ചു നഷ്ടങ്ങള്‍ ആരെയും വേദനിപ്പിക്കാതെയാകും, സ്പര്‍ശിക്കാതെയുമാകും   
എങ്കിലും.... 
സ്നേഹത്തിന്റെ നനുത്ത സ്പര്‍ശങ്ങള്‍ തിരിച്ചറിയാനുള്ള മനസ്സിന്റെ കഴിവുകള്‍ നഷ്ടപ്പെടാതെ  സൂക്ഷിക്കാന്‍ നമ്മള്‍ക്കൊന്നു ശ്രമിച്ചു കൂടെ?   


3 comments:

Blogger Wordpress Gadgets