Language

Language: Please download and save Malayalam web fonts to your C:\WINDOWS\Fonts.

Thursday, March 8, 2012

വഴി പിരിഞ്ഞു പോകുന്നവര്‍

കുറെ നാള്‍  പ്പം നടന്നു പിന്നെ സാഹചര്യങ്ങള്‍ കൊണ്ടു വഴി പിരിഞ്ഞു പോയവരെ  പിന്നീടു വല്ലപ്പോഴുമെങ്കിലും ഒന്നന്വേഷിക്കാൻ നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു. 
ഒന്നും മനപ്പൂര്‍വമല്ല.....
ഒരുകാലത്ത് എത്ര പ്രിയപ്പെട്ടവരായിരുന്നാലും കാണാമറയത്തായിക്കഴിഞ്ഞാൽ കാലം മറവിയുടെ മൂടുപടം പുറത്തെടുക്കും .. അതോടെ നമ്മള്‍ പൂര്‍ണ്ണമായും പുതിയ ലോകത്തിലേയ്ക്ക്  പറിച്ചു നടപ്പെടും. 
പിന്നീടു വല്ലപ്പോഴുമൊരിക്കല്‍ ഓർത്താലായി ഇല്ലെങ്കിലായി..!   
എങ്കിലും അവരെല്ലാം നമ്മുടെ മനസ്സിന്റെ അഗാധതലങ്ങളില്‍  ആരുമറിയാതെ ഉറങ്ങിക്കിടക്കുന്നുണ്ടാകും.  പിന്നെയെന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത  ഒരു നിമിഷം നനുത്ത  വേദനയായി ഓര്‍മകളിലേയ്ക്ക്   ഒരു മുഖം കടന്നു വരും..!
പക്ഷെ ഈ ജീവിതത്തിന്റെ തിരക്കിനും  കഷ്ടപ്പാടുകൾക്കുമിടയിൽ  എവിടെ തിരയാന്‍? എങ്ങനെ കാണാന്‍? ആരോട് ചോദിയ്ക്കാന്‍?  
അങ്ങനെ, കടന്നു വന്ന വഴികളില്‍  എവിടൊക്കെയോ നഷ്ടപ്പെട്ടു പോയ സ്നേഹത്തിന്റെ പ്രതിരൂപങ്ങള്‍, സൌഹൃദങ്ങള്‍, ഒരു ചിരിയിലോ നോട്ടത്തിലോ മാത്രം ഒതുക്കി നിര്‍ത്തിയിരുന്ന പരിചയങ്ങള്‍... ദിവസവും യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടുമായിരുന്ന മുഖങ്ങള്‍.....
ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം തിരിഞ്ഞു നിന്ന് ചിന്തിക്കുമ്പോള്‍ ഒന്നുകൂടി  കാണുവാന്‍ മോഹം തോന്നുന്ന ഒത്തിരി ഒത്തിരി മുഖങ്ങള്‍..കേള്‍ക്കുവാന്‍ ദാഹിക്കുന്ന ശബ്ദങ്ങള്‍....അനുഭവിക്കാന്‍ കൊതിക്കുന്ന വാത്സല്യങ്ങള്‍....
തിരിച്ചുവരില്ലെന്നറിയാമെങ്കിലും ഒരിക്കല്‍ കൂടി   ജീവിച്ചു തീര്‍ക്കാന്‍ ആഗ്രഹിച്ചു പോകുന്ന പഴയ ദിവസങ്ങള്‍.... 
വളര്‍ന്നു  വലുതാകുന്തോറും നമ്മില്‍ നിന്നകന്നു പോകുന്ന കാലടിപ്പടുകളുടെ  എണ്ണവും  കൂടിക്കൊണ്ടിരിക്കുന്നു... നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്നതിനു മുന്‍പുള്ള ആ കുട്ടിക്കാലം എത്ര നല്ലതായിരുന്നു..!!

Thursday, January 12, 2012

അസൂയ

ഹരിഹരനും ദാസേട്ടനും പാടുമ്പോള്‍..   ജഗ് ജീത്  സിങ്ങിന്റെ സ്വര്‍ണ സ്വരം മനസ്സിന്റെ അഗാധ തലങ്ങളിലേക്ക് അരിച്ചിറങ്ങുമ്പോള്‍.. എം ടി യുടെയും  എം. മുകുന്ദന്റെയും രചനകള്‍ വായിക്കുമ്പോള്‍... മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും   കമലഹാസന്റെയും   അമിതാഭ് ബച്ചന്റെയും ഷാരൂഖിന്റെയും ആമീര്‍ഖാന്റെയും അഭിനയവും ബ്ലസിയുടേയും രഞ്ജിത്തിന്റെയും  ഹരിഹരന്റെയും സിനിമകളും കാണുമ്പോള്‍.... പണ്ഡിറ്റ്‌ രവിശങ്കറിന്റെ സിത്താറും ബാലമുരളീകൃഷ്ണയുടേ സംഗീതവും   സാക്കീര്‍ ഹുസൈന്റെ തബലയും ബിസ്മില്ലാഖാന്റെ ഷെഹ് നായിയും ഹരിപ്രസാദ് ചൗരാസ്യയുടെ ഓടക്കുഴലും കേള്‍ക്കുമ്പോള്‍..... ഞാന്‍ അസൂയപ്പെടുന്നു.!
എനിക്കും അവരി ലൊരാളേപ്പോലെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...ഞാന്‍ വല്ലാതെ  അസൂയപ്പെടുന്നു.....
ബിസിനസ് മാഗ്നറ്റുകളോ മറ്റ് അത്യുന്നത പദവികള്‍ അലങ്കരിക്കുന്നവരോ എന്നില്‍ ഒരു പ്രതികരണവും ഉണ്ടാക്കാറില്ല. പക്ഷെ ദൈവത്തിന്റെ കരസ്പര്‍ശമേറ്റ ഹൃദയമുള്ള ഈ പ്രതിഭാശാലികള്‍ എന്നെ വല്ലാതെ അസൂയാലുവാക്കുന്നു.     
എന്നാല്‍....  
ഇനി  അസൂയപ്പെട്ടിട്ടെന്തു  കാര്യം? പല ജന്മങ്ങള്‍ കൊണ്ടാര്‍ജിച്ചെടുത്ത പുണ്യം  ഈ ഒരു ജന്മത്തില്‍ അനുഗ്രഹങ്ങളായി   അനുഭവിച്ചു തീര്‍ക്കുന്ന   അസാധാരണ വ്യക്തിത്വങ്ങൾ .....
അവരെ കാണുകയും കേള്‍ക്കുകയും വായിക്കുകയും അറിയുകയും ആദരിക്കുകയും  ചെയ്യേണ്ടവര്‍ നമ്മള്‍ ... അവര്‍ ജീവിക്കുന്ന കാലട്ടത്തില്‍  ജനിച്ചത്‌ ഒരു ഭാഗ്യമായി കരുതേണ്ടവര്‍ നമ്മള്‍... 
പക്ഷെ..... 
എന്നിട്ടും എനിക്ക്  അസൂയ സഹിക്കാന്‍ കഴിയുന്നില്ല.. ഞാനെന്താ ചെയ്യാ? ഇതെന്തൊരു കഷ്ടം !!
Blogger Wordpress Gadgets